
വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഇറാൻ്റെ മറുപടി “തികച്ചും അസ്വീകാര്യമാണെന്ന്” ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ തിങ്കളാഴ്ച ഏഷ്യൻ വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 3.8 ശതമാനം വർധിച്ച് ബാരലിന് 105.20 ഡോളറിലെത്തി.
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും യുഎസ്-ഇസ്രായേൽ സഖ്യത്തിൽ നിന്ന് ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് പാകിസ്ഥാൻ മുഖേന ഇറാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇറാൻ ആണവ സമ്പുഷ്ടീകരണം നിർത്തണമെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇറാന്റെ ആണവ ശേഖരം പൂർണ്ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു.ഫെബ്രുവരി 28 മുതൽ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഏപ്രിൽ ആദ്യം പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ചർച്ചകൾ വഴിമുട്ടിയതോടെ വിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്.അതേസമയം, എണ്ണവിലയിലുണ്ടായ ഈ വർധനവ് വൻകിട കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കി. സൗദി അറേബ്യൻ കമ്പനിയായ അരാംകോയുടെ ലാഭത്തിൽ 25 ശതമാനം വർധനവുണ്ടായി. തങ്ങളുടെ ക്രോസ്-കൺട്രി പൈപ്പ്‌ലൈൻ ഉള്ളതിനാൽ ഷിപ്പിംഗ് തടസ്സങ്ങൾ ബാധിച്ചില്ലെന്ന് അരാംകോ അറിയിച്ചു. ബിപി (BP), ഷെൽ (Shell) എന്നീ കമ്പനികളും തങ്ങളുടെ ലാഭവിഹിതം ഇരട്ടിയിലധികം വർധിച്ചതായി റിപ്പോർട്ട് ചെയ്തു.യുദ്ധം നീണ്ടുപോകുന്നത് വരും ദിവസങ്ങളിലും ആഗോള സാമ്പത്തിക മേഖലയ്ക്കും ഇന്ധന വിപണിക്കും വലിയ വെല്ലുവിളിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Trump rejects Iran’s conditions; Oil prices surge in international markets














