വിഴിഞ്ഞത്ത് ക്രെഡിറ്റ് അടിക്കാൻ യുഡിഎഫിന്‍റെ രാഷ്ട്രീയ അഭ്യാസം: മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി പിണറായി

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽ.ഡി.എഫ്. സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു.ഡി.എഫ്. സർക്കാർ നടത്തുന്നതെന്നും, കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രണ്ടര മാസം കൊണ്ട് യു.ഡി.എഫ്. വലിയ കാര്യം പൂർത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പിണറായി കുറ്റപ്പെടുത്തി.

2022-ൽ തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചവരാണ് യു.ഡി.എഫ്. എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അന്ന് തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും വിമോചന സമരം സ്വപ്നം കാണുകയും ചെയ്തവർ, എൽ.ഡി.എഫ്. സർക്കാർ 99 ശതമാനവും പൂർത്തിയാക്കിയ റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിന് വരുന്നത് അപഹാസ്യമാണ്. റോഡ് കണക്ടിവിറ്റിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളും ഫണ്ട് അനുവദിക്കലും അതിവേഗം പൂർത്തിയാക്കിയത് എൽ.ഡി.എഫ്. സർക്കാരാണെന്നും, നാഷണൽ ഹൈവേ അതോറിറ്റിയും കേന്ദ്ര സർക്കാരുമാണ് അനുമതികൾ നൽകുന്നതിൽ കാലതാമസം വരുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി നിമിഷങ്ങൾക്കകം അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നത് അഭിനന്ദനാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താൻ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, ലഹരിക്കേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് നൽകിയ വിശദീകരണങ്ങളും ഫാക്ട് ചെക്കിലൂടെ പുറത്തുവന്നിട്ടുണ്ടെന്നും, വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vizhinjam Project: Claims Factually Incorrect, Says Opposition Leader Pinarayi Vijayan Responding to CM VD Satheesan

Also Read

More Stories from this section

family-dental
witywide