
ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാന വിവാദത്തിന് പിന്നാലെ പൈലറ്റുമാർക്കായി ഏർപ്പെടുത്തിയ നിർബന്ധിത ലഹരിപരിശോധനയിൽ രണ്ട് പൈലറ്റുമാരുടെ ഫലം പോസിറ്റീവായി. ശരീരത്തിൽ ലഹരിപദാർത്ഥങ്ങളുടെ സാന്നിധ്യം പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ കൂടുതൽ കൃത്യതയാർന്ന സ്ഥിരീകരണ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അന്തിമ ഫലം വന്നതിന് ശേഷമേ ഇവർ ലഹരി ഉപയോഗിച്ചോ ഇല്ലയോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്ന് വ്യോമയാന വൃത്തങ്ങൾ വ്യക്തമാക്കി.
എയർ ഇന്ത്യ ഫ്ലൈറ്റ് AI2379-ലെ പൈലറ്റ്-ഇൻ-കമാൻഡ് ഉൾപ്പെട്ട വിവാദ സംഭവത്തെത്തുടർന്ന് ഓഗസ്റ്റ് 13 മുതലാണ് ഗ്രൂപ്പിലെ മുഴുവൻ പൈലറ്റുമാർക്കും എയർ ഇന്ത്യ ലഹരിപരിശോധന നിർബന്ധമാക്കിയത്. ഇതിനോടകം മുന്നൂറിലധികം പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.
പ്രാഥമിക പരിശോധനയിലെ ‘നോൺ-നെഗറ്റീവ്’ ഫലം കൊണ്ട് മാത്രം പൈലറ്റ് നിരോധിത ലഹരിപദാർത്ഥം ഉപയോഗിച്ചുവെന്ന് പൂർണ്ണമായി ഉറപ്പിക്കാൻ കഴിയില്ല. ചില മരുന്നുകളുടെ ഉപയോഗം കാരണവും ഇങ്ങനെയുള്ള ഫലങ്ങൾ വരാം. അതിനാൽ നിലവിൽ ലാബിൽ നടക്കുന്ന വിശദമായ രാസപരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും എയർ ഇന്ത്യ പൈലറ്റുമാർക്കെതിരെ തുടനടപടികൾ സ്വീകരിക്കുക.
After Phuket controversy, checks tightened; Two more Air India pilots fail drug tests












