തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. നടൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, എടപ്പാടി പളനിസാമിയെ (ഇപിഎസ്) മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. ഇതോടെ തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ രണ്ടാമതൊരു അവകാശവാദം കൂടി ഗവർണർക്ക് മുന്നിലെത്തിയിരിക്കുകയാണ്. വിജയ്‌യുടെ സത്യപ്രതിജ്ഞ തടയാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വിജയ്‌ക്ക് സഭയിൽ ഭൂരിപക്ഷമില്ലെന്നും ടിവികെ വ്യാജ കത്തുകളാണ് ഹാജരാക്കിയതെന്നും ദിനകരൻ ആരോപിച്ചു. ദിനകരന്റെയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഏക എംഎൽഎയുടെയും ഒപ്പുള്ള കത്താണ് രാജ്ഭവനിൽ സമർപ്പിച്ചിരിക്കുന്നത്. ഈ പുതിയ സാഹചര്യത്തിൽ നാളെ നിശ്ചയിച്ചിരുന്ന വിജയ്‍യുടെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് സൂചന.
മെയ് പത്താം തീയതി വരെ സർക്കാർ രൂപീകരണം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദിനകരന്റെ ഈ നീക്കത്തെ പലരും കാണുന്നത്. വിജയ്‍യുടെ ഭൂരിപക്ഷത്തിൽ ഗവർണർ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ, രണ്ടാമതൊരു അവകാശവാദം കൂടി വന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തമിഴ്നാട് ഭരണം പിടിക്കാൻ അണിയറയിൽ വൻ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്.
TTV Dinakaran Meets Governor; Demands EPS as CM Amid Tamil Nadu Political Crisis















