
അൻ്റാലിയ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ അതീവ നിർണ്ണായകമായ ഘട്ടത്തിലാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ. ചർച്ചകൾ തുടരാൻ ഇരുരാജ്യങ്ങളും താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചില പ്രധാന വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അൻ്റാലിയയിൽ നടന്ന കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. തുർക്കി ഔദ്യോഗിക വാർത്താ ചാനലായ ടിആർടി വേൾഡ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നിലവിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ, അമേരിക്ക, ഇറാൻ എന്നിവരുടെ പ്രതിനിധികളുമായി ഹകൻ ഫിദാൻ കൂടിക്കാഴ്ച നടത്തി. സമാധാന ശ്രമങ്ങൾക്ക് തുർക്കി എത്തരത്തിൽ പിന്തുണ നൽകണം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അവസാനിക്കാനിരിക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിനൽകണമെന്നും എങ്കിൽ മാത്രമേ തർക്കവിഷയങ്ങളിൽ പരിഹാരം കാണാൻ ഇരുപക്ഷത്തിനും കൂടുതൽ സമയം ലഭിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പരിഹരിക്കപ്പെടാൻ ഇനിയും ഒട്ടേറെ പ്രശ്നങ്ങൾ പട്ടികയിലുണ്ടെങ്കിലും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം ശുഭസൂചനയാണെന്ന് ഫിദാൻ നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ കൃത്യമായ ധാരണയിലെത്താൻ അവർക്ക് സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. യുദ്ധം ഒഴിവാക്കി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കാണ് തുർക്കി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















