
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ഡിഎംകെയോ എഐഎഡിഎംകെയോ നീക്കം നടത്തിയാൽ തങ്ങളുടെ 107 എംഎൽഎമാരും കൂട്ടരാജിവെച്ചേക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ തുടരുന്ന അനിശ്ചിതത്വത്തിനിടയിലാണ് വിജയിൻ്റെ പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തുവരുന്നത്.
ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ചിരവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും രഹസ്യ ചർച്ചകൾ നടത്തുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ നീക്കം. ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും തന്നെ മാറ്റിനിർത്താൻ ദ്രാവിഡ പാർട്ടികൾ ശ്രമിക്കുന്നതിൽ വിജയ് അസ്വസ്ഥനാണെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
“ജനവിധി വിഭജിക്കപ്പെട്ടതാണെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ അവഗണിക്കാൻ കഴിയില്ല,” എന്ന് ഒരു മുതിർന്ന ടിവികെ നേതാവ് പ്രതികരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. 234 അംഗ നിയമസഭയിൽ വിജയ് മത്സരിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഭരണഘടനാ നിയമപ്രകാരം വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി ചുരുങ്ങും. കോൺഗ്രസിൻ്റെ 5 അംഗങ്ങളുടെ പിന്തുണ കൂടി ചേർത്താലും (ആകെ 112) കേവല ഭൂരിപക്ഷമായ 118-ൽ എത്താൻ ടിവികെയ്ക്ക് 6 സീറ്റുകളുടെ കുറവുണ്ട്. ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണുള്ളത്. വിസികെ, ഇടത് പാർട്ടികൾ, മുസ്ലീം ലീഗ് തുടങ്ങിയ ഡിഎംകെ സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ടിവികെ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മറ്റു പാർട്ടികൾ സർക്കാരുണ്ടാക്കാൻ ശ്രമിച്ചാൽ കൂട്ടരാജിയെന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് വിജയ് ക്യാമ്പിൻ്റെ ആലോചന.
TVK says all 107 of its MLAs will resign if Dravidian parties dare to form government















