യുഡിഎഫിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷം, ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ, 2 മന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് കേരള കോൺഗ്രസ്

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുന്നണിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും പാലാ എംഎൽഎ മാണി സി. കാപ്പനുമാണ് മന്ത്രിസ്ഥാനത്തെച്ചൊല്ലി പ്രധാനമായും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്ന കോൺഗ്രസിന്റെ അനുനയ ഓഫർ കേരള കോൺഗ്രസ് നേതൃത്വം പൂർണ്ണമായും തള്ളി. മുന്നണിയുമായി സഹകരിക്കണമെന്ന് കോൺഗ്രസ് അഭ്യർത്ഥിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസ്ഥാനത്തിൽ ടേം വ്യവസ്ഥ കൊണ്ടുവരാനുള്ള കോൺഗ്രസ് നിർദ്ദേശത്തിനെതിരെ മാണി സി. കാപ്പനും കടുത്ത അമർഷത്തിലാണ്. അഞ്ചുവർഷം പൂർണ്ണകാലാവധിയും തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അദ്ദേഹം. ഘടകകക്ഷികളുടെ കടുത്ത നിലപാടുകൾ കാരണം ചർച്ചകൾ നീളുന്ന പശ്ചാത്തലത്തിൽ നാളെയും നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ തുടരാനാണ് യുഡിഎഫ് തീരുമാനം. നാളത്തെ ചർച്ചകളിൽ സമവായമുണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

UDF cabinet crisis deepens as Kerala Congress and Mani C Kappan reject Congress’s ministerial offers

More Stories from this section

family-dental
witywide