
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. കേസിലെ തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. സാക്ഷിമൊഴികളും വേണ്ടവിധം പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് അപ്പീൽ സമർപ്പിച്ചത്.
അതേസമയം, അതേസമയം, മരയ്ക്കാർ അടക്കം മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളുകളും ചെയ്തിരുന്നു. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഐപിസി 304, പാർട്ട് 2 മനപ്പൂർവം അല്ലാത്ത നരഹത്യ ഐപിസി 143 ആയിരുന്നു ഹുസൈനെതിരെ ചുമത്തിയത്. രണ്ടും നിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 24 സാക്ഷികൾ കൂറുമാറിയ കേസായിരുന്നു ഇത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഒന്നാം പ്രതി ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടിയെന്നും മധു സമീപത്തുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീണെന്നും ഇതാണ് മരണകാരണമെന്നുമായിരുന്നു പ്രൊസിക്യൂഷൻറെ വാദം.















