ന്യൂഡൽഹി: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കോ-പൈലറ്റ് ആക്രമിച്ചത് കോക്പിറ്റിലെ കോടാലി ഉപയോഗിച്ചെന്ന് യുഎഇ പ്രോസിക്യൂട്ടർ ജനറൽ. സംഭവം ‘ഭീകരാക്രമണം’ ആയിരുന്നെന്നും യുഎഇ പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. ഹമാം അൽ-ഹമ്മാമി എന്നാണ് ഇയാളുടെ പേരെന്ന് റോയിട്ടേഴ്‌സ്, CNN, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിമാനത്തിന്റെ നിയന്ത്രണം ഇയാൾ പിടിച്ചെടുക്കാൻ ശ്രമിച്ച ഇയാൾ ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്നും ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. 170ലേറെ യാത്രക്കാരും 24 കുട്ടികളുമുണ്ടായിരുന്ന Boeing 737 വിമാനത്തിലാണ് ബുധനാഴ്ച സംഭവം. 34,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനം മിനിറ്റിൽ ഏകദേശം 23,000 അടി വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി. 15,600 അടി വരെ താഴ്ന്ന ശേഷമാണ് നിയന്ത്രണം വീണ്ടെടുത്തത്. വിമാനം തകർക്കാനുള്ള ശ്രമം തടയുന്നതിനിടെ ഇയാൾ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപ്പരുക്കേൽപ്പിച്ചു. പരുക്കേറ്റിട്ടും ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്നതോടെയാണ് ജീവനക്കാരും യാത്രക്കാരും അകത്തേക്ക് എത്തി ആക്രമിയെ കീഴടക്കിയത്.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങളിൽ രക്തത്തിൽ കിടക്കുന്ന ക്യാപ്റ്റൻ സ്മിത് മച്ഛറിനെയും കോ-പൈലറ്റ് തന്നെ ആക്രമിച്ചെന്ന് പറയുന്നതും കാണാം. ദന്തഡോക്ടറായ ഒരു യാത്രക്കാരൻ ക്യാപ്റ്റന് അടിയന്തര ചികിത്സ നൽകി. ഇതിനിടെ രണ്ട് റിസർവ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി അവിടെ ഇറക്കുകയുമായിരുന്നു. ഒമാൻ സ്വദേശിയായ കോ-പൈലറ്റിന് നേരത്തെ തീവ്രവാദ ആശയങ്ങളുമായി ബന്ധമുള്ള രേഖകൾ കൈവശംവച്ചതിനെ തുടർന്ന് പൈലറ്റ് പരിശീലനത്തിൽനിന്ന് വിലക്കേർപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2024ൽ ഒമാൻ എയറിൽ കോ-പൈലറ്റ് പരിശീലകനായി ജോലി ചെയ്യുമ്പോഴായിരുന്നു നടപടി. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ചുമതലയിൽ തുടരാൻ അനുവദിച്ചു. 2025 ഫെബ്രുവരിയിൽ ഒമാൻ എയറിലെ ജോലി ഉപേക്ഷിച്ച ഇയാൻ ജൂണിൽ Royal Air Maroc-ൽ ചേർന്നു. ഈ വർഷം ജനുവരിയിൽ അവിടെയും ജോലി അവസാനിപ്പിച്ചു. തുടർന്ന് ഫ്ലൈദുബായിൽ കോ-പൈലറ്റായി ചേർന്ന ഇയാൾ സംഭവത്തിന് മുൻപ് എട്ട് മാസത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. യുഎഇ-ഇസ്രയേൽ റൂട്ടിലും ഇയാൾ സർവീസ് നടത്തിയിരുന്നു.
അതേസമയം, ഫ്ലൈദുബായ് വിമാനം ഇസ്രയേലിൽ ഇടിച്ചുതകർക്കാനായിരുന്നു അൽഹമ്മാമിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവം ഭീകരാക്രമണവുമായി ബന്ധപ്പെട്ടതാണോയെന്നും ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായമോ ബന്ധമോ ഉണ്ടായിരുന്നോയെന്നും യുഎഇ അന്വേഷണം തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് ക്രാഷ് ആക്‌സ് വിമാനത്തിലെ കോക്പിറ്റിൽ സൂക്ഷിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷമാണ് ഇവ കാബിനിൽനിന്ന് കോക്പിറ്റിലേക്ക് മാറ്റിയത്.
flydubai Co-Pilot Attacked Pilot With Cockpit’s Crash Axe In ‘Terrorist Attack’: UAE











