
ഇസ്ലാമാബാദ് ചർച്ചകളിൽ കടുത്ത നിലപാടുമായി ഇറാൻ രംഗത്തെത്തിയതോടെ അമേരിക്കയുമായുള്ള വെടിനിർത്തൽ നീക്കങ്ങൾ അനിശ്ചിതത്വത്തിലായി. തങ്ങളുടെ കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനവും യുദ്ധക്കുറ്റവുമാണെന്നാണ് ഇറാനിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ പാകിസ്ഥാനിലേക്ക് പുറപ്പെട്ടെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.
ആണവ സാങ്കേതികവിദ്യ കൈവരിക്കുക എന്നത് രാജ്യത്തിന്റെ അടിസ്ഥാന അവകാശമാണെന്നും അത് തടയാൻ ആർക്കും അധികാരമില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇസ്ലാമാബാദിൽ ചർച്ചകൾക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. ചർച്ചകൾ വിജയത്തിലെത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പ്രതികരിച്ചു. ഇതിനിടെ, സമവായത്തിനായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.
Uncertainty Over Islamabad Talks as Iran Demands End to Naval Blockade; President Pezeshkian Asserts Nuclear Rights














