തമിഴകത്ത് വീണ്ടും അനിശ്ചിതത്വം, ഭൂരിപക്ഷം വ്യക്തമായിട്ടും പിന്തുണ കത്തിന്റെ പേരിൽ ഉടക്കിട്ട് ഗവർണർ; നാളത്തെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം. വിജയ്‌യുടെ ഭൂരിപക്ഷം സംബന്ധിച്ച് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു. നിലവിൽ 116 എംഎൽഎമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നാണ് ഗവർണറുടെ നിലപാട്. കേവല ഭൂരിപക്ഷമായ 118 തികയ്ക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കിയതോടെ ടിവികെ ക്യാമ്പ് പ്രതിസന്ധിയിലായി.

വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിന്തുണ പ്രഖ്യാപിച്ച വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ ഔദ്യോഗിക കത്തുകൾ ഇതുവരെ ലോക്ഭവനിൽ എത്തിയിട്ടില്ലെന്നാണ് വിവരം. 120 പേരുടെ പിന്തുണയുണ്ടെന്ന് ടിവികെ അവകാശപ്പെടുന്നുണ്ടെങ്കിലും സാങ്കേതികമായി ഇത് തെളിയിക്കുന്ന കത്തുകൾ ഹാജരാക്കാത്തതാണ് ഗവർണറുടെ നടപടിക്ക് കാരണം. ഇതോടെ നാളെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഗവർണറുടെ നിലപാടിനെത്തുടർന്ന് വിസികെ, ലീഗ് നേതാക്കളുമായി ടിവികെ നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു. പിന്തുണ കത്തുകൾ എത്രയും വേഗം രാജ്ഭവനിൽ എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. അതേസമയം, മനഃപൂർവ്വം സത്യപ്രതിജ്ഞ വൈകിപ്പിക്കാനാണ് ഗവർണറുടെ ശ്രമമെന്ന് ടിവികെ കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണക്കത്തുകൾ സമർപ്പിക്കാനായാൽ മാത്രമേ വിജയ്‌ക്ക് നാളെ അധികാരമേൽക്കാൻ സാധിക്കൂ.

Uncertainty Over Vijay’s Swearing-in; Governor Demands Absolute Majority Proof

More Stories from this section

family-dental
witywide