‘മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരും’; നാളെ ദേശീയപതാകയുമായി വീണ്ടും സമരമെന്ന് സിജെപിയും വിദ്യാർഥി സംഘടനകളും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും ലഭിക്കാത്ത അസാധാരണ സംരക്ഷണമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് സി.ജെ.പി കൺവീനർ അഭിജിത് ദീപ്കെ. സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷിനെ സംരക്ഷിക്കാനായി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരെ കസ്റ്റഡിയിലെടുത്ത സാഹചര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ‘വൺ നേഷൻ വൺ ഇലക്ഷൻ’ എന്നതിലുപരി ‘വൺ നേഷൻ വൺ പാർട്ടി’ എന്ന അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, ജനകീയ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി കടുത്ത ഭയത്തോടെയാണ് കാണുന്നതെന്നും ദീപ്കെ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിനിടയിൽ ഐസ നേതാവ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ചാനൽ മാധ്യമപ്രവർത്തകൻ ബഹളം വെച്ചത് ചെറിയ തോതിൽ സംഘർഷത്തിന് കാരണമായി. വിമർശനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെതിരെ മറ്റ് മാധ്യമപ്രവർത്തകർ തന്നെ രംഗത്തുവന്നതോടെയാണ് രംഗം ശാന്തമായത്. തുടർന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധിക്കുന്നവരെയും മാധ്യമപ്രവർത്തകരെയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുന്നതും യുവതികൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നതുമായ പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ചു. ജന്തർമന്തറിൽ ദേശീയപതാക വീശിയതിനെ കുറ്റമാക്കിയ ഭരണകൂട നടപടിയെയും നേതാക്കൾ ചോദ്യം ചെയ്യുകയുണ്ടായി.

ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിലവിലെ ഭരണകൂടം പെരുമാറുന്നതെന്നും എ.ഐ.എസ്.എഫ് പ്രസിഡന്റ് വിരാജ് അഭിപ്രായപ്പെട്ടു. വോട്ടുകൾ ചോർത്തിയെടുത്ത ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന പൊലീസിന്റെ നിലപാടിനെതിരെ എല്ലാവരും ഒത്തൊരുമിച്ച് പൊരുതണമെന്ന് എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷും ആഹ്വാനം ചെയ്തു. ജന്തർമന്തറിലെ വിലക്കുകളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് നാളെ ദേശീയപതാകയുമായി വീണ്ടും വലിയ തോതിൽ തെരുവിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കൾ, നരേന്ദ്ര മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷ് കുമാറിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

“Until Modi Falls and Gyanesh is Jailed, Fight Will Continue”: CJP and Student Leaders Call for Fresh Tricolor Protests

More Stories from this section

family-dental
witywide