കൃത്രിമ കാലുകൾ രാജ്യസഭയിലെ മേശപ്പുറത്ത് വെച്ച് പ്രദർശിപ്പിച്ച് സദാനന്ദൻ എംപി, കന്നി പ്രസംഗത്തിൽ സിപിഎമ്മിന് വിമർശനം; സഭയിൽ ബഹളം, ഭരണ-പ്രതിപക്ഷ പോര്

രാജ്യസഭയിലെ കന്നി പ്രസംഗത്തിനിടെ ബിജെപി എംപി സി. സദാനന്ദൻ തന്റെ കൃത്രിമ കാലുകൾ മേശയ്ക്ക് മുകളിൽ വെച്ച് പ്രദർശിപ്പിച്ചത് സഭയിൽ വലിയ ബഹളത്തിന് ഇടയാക്കി. തനിക്ക് സഭയിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ കഴിയാത്തത് സി.പി.എമ്മിന്റെ ക്രൂരത കാരണമാണെന്ന് സദാനന്ദൻ ആരോപിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട സദാനന്ദനെ സഹായിക്കാൻ അടുത്തുണ്ടായിരുന്ന എംപി ഉജ്വൽ നിഗം ആണ് കൃത്രിമ കാലുകൾ മേശപ്പുറത്ത് എടുത്തു വെച്ചത്. ഇതേത്തുടർന്ന് ജോൺ ബ്രിട്ടാസ് എംപി ക്രമപ്രശ്നം ഉന്നയിക്കുകയും സഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ കാലുകൾ താഴെ വെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

പ്രസംഗത്തിനിടെ ശബരിമല സ്വർണക്കൊള്ള കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സദാനന്ദൻ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സദാനന്ദൻ മാസ്റ്റർ സഭയിൽ കള്ളം പറയുകയാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. സദാനന്ദൻ കൃത്രിമ കാലുകൾ ഉപയോഗിക്കുന്നതിനെയും നിങ്ങൾ എതിർക്കുകയാണോ എന്ന് സഭാ അധ്യക്ഷൻ ബ്രിട്ടാസിനോട് ചോദിച്ചു. ഇതിനിടെ ബ്രിട്ടാസിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ആവശ്യപ്പെട്ടു. പിന്നീട് താൻ നടത്തിയ പരാമർശം പിൻവലിക്കുന്നതായി ജോൺ ബ്രിട്ടാസ് അറിയിച്ചു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമല സ്വർണക്കൊള്ള കേസിലെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് എ.എ. റഹീം എംപി ആവശ്യപ്പെട്ടു. സി.പി.എമ്മിനെതിരായ സദാനന്ദന്റെ ആരോപണങ്ങളിൽ ഇടത് എംപിമാർ ശക്തമായ പ്രതിഷേധം തുടർന്നു. ബിജെപി അംഗങ്ങൾ സദാനന്ദന് പിന്തുണയുമായി രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. തന്റെ ജീവിതം തകർത്തത് സി.പി.എമ്മാണെന്ന് സദാനന്ദൻ ആവർത്തിച്ചപ്പോൾ, രാഷ്ട്രീയ മുതലെടുപ്പിനായി സഭയെ ഉപയോഗിക്കുന്നു എന്നായിരുന്നു ഇടത് പക്ഷത്തിന്റെ മറുപടി.

More Stories from this section

family-dental
witywide