
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കിക്കൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നിർണായക തീരുമാനം. ഇന്ത്യൻ സൈന്യത്തിൻ്റെ പക്കലുള്ള അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ, എം777 അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾ എന്നിവയുടെ പരിപാലനത്തിനും സാങ്കേതിക പിന്തുണയ്ക്കുമായി 428 മില്യൺ ഡോളറിലധികം (ഏകദേശം 3,600 കോടി രൂപ) മൂല്യമുള്ള സുപ്രധാന കരാറുകൾക്ക് അമേരിക്ക അംഗീകാരം നൽകി.
യു.എസിൻ്റെ ഫോറിൻ മിലിട്ടറി സെയിൽസ് (FMS) പ്രോഗ്രാം വഴിയാണ് ഈ സേവനങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാക്കുക. റിപ്പോർട്ടുകൾ പ്രകാരം രണ്ട് പ്രധാന പാക്കേജുകളായാണ് തുക അനുവദിച്ചിരിക്കുന്നത്. വ്യോമസേനയുടെയും കരസേനയുടെയും കരുത്തായ എ.എച്ച്-64ഇ (AH-64E) അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ സുസ്ഥിര പരിപാലനത്തിനായി 198.2 മില്യൺ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൻ്റെ പ്രധാന കരാറുകാർ ആഗോള പ്രതിരോധ ഭീമന്മാരായ ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നിവരാണ്. ചൈനീസ് അതിർത്തിയിലടക്കം ഇന്ത്യ വിന്യസിച്ചിരിക്കുന്ന എം777എ2 അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ പീരങ്കികളുടെ ദീർഘകാല പിന്തുണയ്ക്കായി 230 മില്യൺ ഡോളറിൻ്റെ പാക്കേജും അനുവദിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള ബി.എ.ഇ സിസ്റ്റംസ് ആണ് ഈ പീരങ്കികളുടെ അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യുക.
പുതിയ ആയുധങ്ങൾ വാങ്ങുന്നതിന് ഉപരിയായി നിലവിലുള്ള അത്യാധുനിക സംവിധാനങ്ങൾ എപ്പോഴും യുദ്ധസജ്ജമാക്കി നിർത്തുക എന്നതാണ് ഈ കരാറുകളുടെ ലക്ഷ്യം. ഇതനുസരിച്ച് ആയുധങ്ങളുടെ സ്പെയർ പാർട്സുകൾ, തകരാർ പരിഹരിച്ച് തിരികെ നൽകുന്ന സേവനങ്ങൾ, സാങ്കേതിക-ലോജിസ്റ്റിക്സ് സഹായങ്ങൾ, ഇന്ത്യൻ സൈനികർക്കുള്ള പ്രത്യേക അഡ്വാൻസ്ഡ് പരിശീലനം എന്നിവ കരാറിൻ്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കും.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നത് ഇൻഡോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ ഇടയുള്ളതുമായ പ്രാദേശിക ഭീഷണികളെ ചെറുക്കാൻ ഈ കരാർ ഇന്ത്യയെ സഹായിക്കുമെന്നും, ഇത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കില്ലെന്നും യു.എസ് കൂട്ടിച്ചേർത്തു.
US strength in the defense sector; US approves Apache, M777 support contracts worth 3,600 crores for India















