അത്യന്തം നാടകീയം ‘അമ്മ’, അധ്യക്ഷ ശ്വേതയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഭരണ സമിതി ഒന്നടങ്കം രാജിവെച്ചു; വരവ് ചിലവ് കണക്കിലെ തർക്കത്തിന് പിന്നാലെ പൊട്ടിത്തെറി

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിൽ കലാശിച്ചു. തർക്കം രൂക്ഷമായതോടെ അമ്മ ഭരണ സമിതി ഒന്നടങ്കം രാജിവച്ചു. അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണ സമിതി ഒന്നടങ്കം രാജിവച്ചത്. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് നേരത്തെ ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അടക്കം എല്ലാ അം​ഗങ്ങളും രാജിവെച്ചത്.

ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

അംഗങ്ങൾ തമ്മിൽ പരസ്പരം തർക്കം രൂക്ഷമായതോടെ, ഈ വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, വാർഷിക റിപ്പോർട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങൾ ഉറച്ചുനിന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. രാവിലെ മോഹൻലാലാണ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തത്. ഭരണ സമിതി ഒന്നടങ്കം രാജിവച്ചതോടെ വലിയ പ്രതിസന്ധിയാണ് അമ്മ നേരിടുന്നത്.

AMMA Executive Committee Resigns En Masse Following Shwetha Menon’s Exit Over Funds Dispute

More Stories from this section

family-dental
witywide