എച്ച്-1ബി വിസ ശമ്പള നിരക്കുകൾ ഉയർത്താൻ അമേരിക്ക; കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുന്നത് ഇനി ചെലവേറും

വാഷിംഗ്‌ടൺ: അമേരിക്കയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള നിരക്ക് 30 ശതമാനത്തോളം വർദ്ധിപ്പിക്കാൻ യു.എസ് സർക്കാർ സുപ്രധാന നീക്കം ആരംഭിച്ചു. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ പുതിയ പരിഷ്‌കാരമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കി. യു.എസ് തൊഴിൽ വകുപ്പ് മാർച്ച് 27-ന് പുറപ്പെടുവിച്ച ഈ പുതിയ നിർദ്ദേശത്തിന്മേൽ മെയ് 26 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

നിലവിൽ അമേരിക്കയിലെ ഐടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും ഐടി കമ്പനികളെയും ഈ തീരുമാനം നേരിട്ട് ബാധിക്കും. വിദഗ്ദ്ധ തൊഴിലാളികളുടെ യോഗ്യതയനുസരിച്ച് നാല് തരം ലെവലുകളിലാണ് ശമ്പള വർദ്ധനവ് നിശ്ചയിച്ചിരിക്കുന്നത്:

ലെവൽ 1 (തുടക്കക്കാർ): നിലവിലെ $73,279-ൽ നിന്ന് $97,746 ആയി ഉയരും (33.39% വർദ്ധനവ്).

ലെവൽ 2: നിലവിലെ $98,987-ൽ നിന്ന് $1,23,212 ആയി ഉയരും (24.47% വർദ്ധനവ്).

ലെവൽ 3: നിലവിലെ $1,21,979-ൽ നിന്ന് $1,47,333 ആയി ഉയരും (20.79% വർദ്ധനവ്).

ലെവൽ 4: (ഏറ്റവും പരിചയസമ്പന്നർ): നിലവിലെ $1,44,202-ൽ നിന്ന് $1,75,464 ആയി ഉയരും (21.68% വർദ്ധനവ്).

അമേരിക്കയിൽ നിലവിലുള്ള എച്ച്-1ബി ശമ്പള പരിധി നിശ്ചയിച്ചിട്ട് 20 വർഷത്തോളമായി. ഈ രണ്ട് പതിറ്റാണ്ടിനിടെ നിരക്കുകൾ പുതുക്കാത്തതിനാൽ, അമേരിക്കൻ തൊഴിലാളികൾക്ക് നൽകുന്നതിനേക്കാൾ വളരെ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിക്കാൻ കമ്പനികൾക്ക് സാധിക്കുന്നുണ്ടെന്ന് യു.എസ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. ഈ നിയമപരമായ പോരായ്മ പരിഹരിക്കാനാണ് പുതിയ നീക്കമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ പ്രസിഡൻഷ്യൽ ഉത്തരവിൻ്റെ തുടർച്ചയായാണ് ഈ നടപടികൾ. പുതിയ ശമ്പള പരിധി പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കൻ ടെക് കമ്പനികൾക്ക് വിദേശ ജീവനക്കാരെ നിലനിർത്താൻ വൻ തുക ചിലവഴിക്കേണ്ടി വരും. ഇത് ചെറുകിട കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും പ്രതികൂലമായി ബാധിച്ചേക്കാം. തുടക്കക്കാരായ ജീവനക്കാരെ വിദേശത്ത് നിന്ന് നിയമിക്കുന്നത് കമ്പനികൾ കുറയ്ക്കാനും ഇത് കാരണമായേക്കാം.

2020-ൽ ട്രംപ് ഭരണകൂടം സമാനമായ രീതിയിൽ ശമ്പള നിരക്കുകൾ ഉയർത്താൻ ശ്രമിച്ചിരുന്നെങ്കിലും, ആവശ്യമായ നിയമനടപടികൾ പാലിക്കാത്തതിനാൽ കോടതി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. എന്നാൽ ഇത്തവണ കൃത്യമായ പൊതുജന അഭിപ്രായ രൂപീകരണ പ്രക്രിയയ്ക്ക് ശേഷമായിരിക്കും അന്തിമ നിയമം പ്രഖ്യാപിക്കുക. മെയ് 26-ന് പൊതുജനങ്ങൾക്ക് പ്രതികരിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം തൊഴിൽ വകുപ്പ് പുതിയ ശമ്പള പരിഷ്‌കാരം ഔദ്യോഗികമായി നടപ്പിലാക്കും.

US to raise H-1B visa salary rates; hiring foreign workers will now become more expensive

More Stories from this section

family-dental
witywide