
പയ്യന്നൂർ: സി.പി.എമ്മിൻ്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ഫലസൂചനകൾ. പാർട്ടിക്കുള്ളിലെ ഫണ്ട് വിവാദങ്ങളും അച്ചടക്ക നടപടികളും ചർച്ചയായ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി കനത്ത തിരിച്ചടി നേരിടുകയാണ്. നിലവിലെ എം.എൽ.എയായ എൽഡിഎഫിൻ്റെ ടി.ഐ. മധുസൂദനൻ ആണ് വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിലായിരിക്കുന്നത്. പാർട്ടി തഴഞ്ഞ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ നിലപാടുകൾക്കാണ് ജനങ്ങൾ മാർക്കിട്ടതെന്ന സൂചന നൽകുന്നതാണ് നിലവിലെ ട്രെൻഡുകൾ.
പയ്യന്നൂരിലെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ ഫണ്ട് വിവാദം പ്രധാനമായും മൂന്ന് മേഖലകളിലായി നടന്ന സാമ്പത്തിക ക്രമക്കേടുകളെ ആസ്പദമാക്കിയുള്ളതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ നിന്നായി ഏകദേശം 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായാണ് ആരോപണം ഉയർന്നത്. ചിട്ടി വഴിയും കൂപ്പൺ വഴിയും സമാഹരിച്ച തുകയുടെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ കണ്ടെത്തുകയായിരുന്നു. ഈ അഴിമതിക്കെതിരെ പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്കുള്ളിൽ ശക്തമായ നിലപാടെടുത്തതോടെയാണ് വിഷയം പൊതുസമൂഹത്തിൽ ചർച്ചയായത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണനെ പദവിയിൽ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് കാരണമായി.
പാർട്ടി നടപടിയിൽ പയ്യന്നൂരിലെ സാധാരണ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. വോട്ടെണ്ണലിൻ്റെ ആദ്യ റൗണ്ടുകളിൽ തന്നെ ഇടതുപക്ഷത്തിന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായതായി കാണുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുമ്പോൾ, പാർട്ടിക്കുള്ളിലെ നീതികേടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ തകർച്ചയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ സത്യസന്ധതയ്ക്കൊപ്പമാണ് പയ്യന്നൂരിലെ ജനങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
V. Kunhikrishnan leads in Payyannur











