
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം അബൂബക്കർ മുസ്‌ല്യാർ പത്രപ്രസ്താവന നടത്തിയതല്ലെന്നും അദ്ദേഹത്തിന്റെ സംഘടനയ്ക്കുള്ളിൽ, അദ്ദേഹത്തെ അംഗീകരിക്കുന്നവരോട് പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് പറയുന്ന സർക്കുലർ മാത്രമാണ് ഇറക്കിയതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കാന്തപുരം പൊതുസമൂഹത്തോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കുലറിലെ നിർദേശങ്ങൾ ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. ഇഷ്ടമില്ലാത്തവർ സ്വീകരിക്കേണ്ടതില്ല. ജനാധിപത്യ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മതനേതാക്കൾ മതപരമായ കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയക്കാർ രാഷ്ട്രീയത്തെക്കുറിച്ചും അഭിപ്രായം പറയണം. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മതനേതാക്കൾ മതത്തിന്റെ വീക്ഷണം അവർ പഠിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിപ്പറഞ്ഞിരുന്നു. കാന്തപുരത്തിന്റെ നിലപാടിനെ സർക്കാരോ കോൺഗ്രസോ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും പ്രതികരിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും പ്രതിവാര വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞിരുന്നു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.















