‘കേരളത്തിൽ സർക്കാരെവിടെ? ഓരോ വർഷം ഓരോരുത്തർക്ക് മുഖ്യമന്ത്രി പദം നൽകേണ്ടി വരുമോ? കോൺഗ്രസിനെ പരിഹസിച്ച് മോദി

ബംഗളൂരു: കേരളത്തിലെ കോൺഗ്രസ് ഭരണപ്രതിസന്ധിയെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസിൻ്റെ അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിൽ സർക്കാരെവിടെ?” എന്ന് ചോദിച്ച പ്രധാനമന്ത്രി, ജനങ്ങളെ വഞ്ചിക്കുന്നതിൽ മാത്രമാണ് കോൺഗ്രസ് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതെന്നും ആരോപിച്ചു. ഭരണത്തിൽ വരാൻ വേണ്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അധികാരം കിട്ടിയ നിമിഷം കോൺഗ്രസ് വിസ്മരിച്ചുവെന്നും, ഇപ്പോൾ ഗ്രൂപ്പ് വഴക്കിൻ്റെ പേരിൽ ഭരണം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കസേര പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കം ചൂണ്ടിക്കാട്ടി, “ഓരോ വർഷം വീതം ഓരോരുത്തർക്ക് മുഖ്യമന്ത്രി പദം നൽകേണ്ടി വരുമോ?” എന്ന് അദ്ദേഹം പരിഹസിച്ചു. സഖ്യകക്ഷികളെ വഞ്ചിക്കുന്ന കാര്യത്തിൽ കോൺഗ്രസിന് പ്രത്യേക കഴിവുണ്ടെന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉദാഹരണമായി കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ യു.ഡി.എഫ് നേരിടുന്ന നേതൃപ്രതിസന്ധിയെ ദേശീയതലത്തിൽ തന്നെ ബി.ജെ.പി ആയുധമാക്കുന്നതിൻ്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

ഭരണത്തേക്കാൾ ഉപരിയായി ഉൾപ്പാർട്ടി പോരിന്റെ പിടിയിലാണ് കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകളെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടകയിലെ നേതൃതർക്കത്തെ പരാമർശിച്ചുകൊണ്ട്, മുഖ്യമന്ത്രിയുടെ കാലാവധിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം സംസ്ഥാനത്തെ ഭരണത്തെ തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു.

“ഈ മുഖ്യമന്ത്രി എത്ര ദിവസം അധികാരത്തിൽ തുടരുമെന്ന് നിശ്ചയിച്ചിട്ടില്ല. മറ്റൊരാൾക്ക് അവസരം ലഭിക്കുമോ ഇല്ലയോ എന്ന കാര്യവും അവർ തൂക്കിയിട്ടിരിക്കുകയാണ്,” അദ്ദേഹം പരിഹസിച്ചു.

‘Where is the government in Kerala? Modi mocks Congress

More Stories from this section

family-dental
witywide