
ഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് കനത്ത വിമർശനം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അഭിനന്ദിച്ച് ദേശീയ പ്രസിഡന്റ് ഉദയ് ഭാനുവും നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള പോസ്റ്റിലാണ് പ്രതികരണങ്ങളുടെ ഒഴുക്ക്. “കേരളത്തിലെ മികച്ച വിജയത്തിന് കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചു” എന്നായിരുന്നു പോസ്റ്റിലെ പരാമർശം. എന്നാൽ കമന്റ് വിഭാഗത്തിൽ നിറഞ്ഞത് വി ഡി സതീശൻ അനുകൂല പ്രതികരണങ്ങളായിരുന്നു. “കേരളത്തിലെ വിജയശിൽപി വി.ഡി. സതീശനാണ്”, “കെ.സിക്ക് വിജയത്തിൽ പ്രത്യേക പങ്കില്ല” തുടങ്ങിയ വിമർശനങ്ങളാണ് പ്രധാനമായും ഉയർന്നത്.തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ താനില്ലെന്ന് കെസി പറഞ്ഞതും നിരവധി പേർ ഓർമ്മിപ്പിച്ചു.
അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, കേരളത്തിൽ മുഖ്യമന്ത്രിയാകേണ്ടത് വി ഡി ആണെന്നുമുള്ള ആവശ്യങ്ങളും ശക്തമായി ഉയർന്നു.അതേസമയം, മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നും ഉണ്ടാകില്ലെന്നാണ് സൂചന. തീരുമാനം എടുക്കുന്നതിന് മുൻപ് കേരളത്തിലെ മുതിർന്ന നേതാക്കളുമായും യുഡിഎഫ് ഘടകകക്ഷികളുമായും കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ ആശയവിനിമയം നടത്തും.
സാഹചര്യം സങ്കീർണമാണെന്നും വിവിധ വിഭാഗങ്ങളുടെ നിലപാടുകൾ പരിഗണിച്ചായിരിക്കും തീരുമാനം എന്നും റിപ്പോർട്ടുകളുണ്ട്. ഏതു തീരുമാനം വന്നാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തീരുമാനം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടി.













