
കൊല്ലം: അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷനിലെ കോട്ടവാസലില്‍ കനത്ത മഴയെ തുടര്‍ന്ന് വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ അധികൃതര്‍ രക്ഷപ്പെടുത്തി.
കേരള-ടിഎന്‍ അതിര്‍ത്തിക്കടുത്തുള്ള തൂവല്‍ മലയില്‍ പഠനയാത്ര നടത്തിയ 32 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കനത്ത മഴയില്‍ കുടുങ്ങി വനത്തില്‍ പെട്ടുപോകുകയായിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘമാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉള്‍വനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉള്‍വനത്തില്‍ നാലു കിലോമീറ്ററിനുള്ളില്‍വെച്ചാണ് ഇവരെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും റെയ്ഞ്ച് ഇല്ലാത്തതിനാല്‍ മറ്റാരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. പുറത്തേക്കെത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയില്‍ ആനയെ കണ്ടതിനാല്‍ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു.
പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും, രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ സംഘത്തെ സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയായിരുന്നു.
A group of students trapped in the Kollam forest was brought out














