
ചെന്നൈ: മാതാപിതാക്കള്‍ നോക്കി നില്‍ക്കെ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. ഈ കുട്ടികള്‍ക്ക് സംസാര ശേഷിയും കേള്‍വിശേഷിയുമില്ല. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്.
മാതാപിതാക്കള്‍ക്കൊപ്പം പൂജ അവധിക്ക് ചെന്നെയില്‍ എത്തിയതാണ് കുട്ടികള്‍. റെയില്‍വേ പാളത്തിലൂടെ നടന്നു വരികയായിരുന്ന കുട്ടികളെ ട്രെയിനിടിക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്ന് ട്രെയിന്‍ വരുന്നത് കണ്ട് മാതാപിതാക്കള്‍ വിളിച്ചുപറഞ്ഞുവെങ്കിലും കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. മാതാപിതാക്കള്‍ക്ക് രക്ഷിക്കാന്‍ കഴിയുന്നതിനു മുന്‍പ് ട്രെയിന്‍ കുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മക്കളുടെ മരണം കണ്ടുനില്‍ക്കേണ്ടി വന്ന മാതാപിതാക്കളുടെ നിലവിളി കണ്ടുനിന്നവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു.












