അതിര്‍ത്തി കടന്നതിനു ശേഷം വെള്ളവും ഭക്ഷണവുമില്ലാതെ പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികള്‍

ഇസ്ലാമാബാദ്: പുതിയ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് നാടുകടത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ അഭയകേന്ദ്രങ്ങളില്‍ ദുരിതജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലേക്കുള്ള മടക്ക യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും താമസസൗകര്യവുമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. നിയമവിരുദ്ധമായി കുടിയേറിയവരോട് ഒക്ടോബര്‍ 31നകം രാജ്യം വിടാനാണ് പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതിനു ശേഷവും രാജ്യത്ത് തുടരുന്നവരെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. അനധികൃതമായി രാജ്യത്തുണ്ടെന്ന് കരുതപ്പെടുന്ന അഭയാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലക്ഷക്കണക്കിന് അഫ്ഗാന്‍ സ്വദേശികളാണ് പാക്കിസ്ഥാന്‍ വിട്ടത്.

ടോര്‍ഖാം, ചമന്‍ എന്നീ രണ്ട് പ്രധാന അതിര്‍ത്തി ക്രോസിംഗുകളില്‍ നിന്നാണ് അഫ്ഗാനികള്‍ പാകിസ്ഥാന്‍ വിടുന്നത്. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ജന്മസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ക്ക് താമസിക്കാനായി പലയിടത്തും ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ടോര്‍ഖാം അതിര്‍ത്തി പ്രദേശത്തിന് സമീപത്തായി ശരിയായ രീതിയിലുള്ള ശരിയായ അഭയകേന്ദ്രമില്ലെന്ന് എയ്ഡ് ഏജന്‍സികള്‍ പറഞ്ഞു. ഭക്ഷണവും കുടിവെള്ളവും പാചകം ചെയ്യാനുള്ള സൗകര്യവും ഒന്നും തന്നെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലില്ല. ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനാല്‍ ആളുകള്‍ തുറസ്സായ സ്ഥലത്താണ് മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത്. അതേസമയം ദിവസവും അഫ്ഗാനിസ്ഥാനിലേക്ക് നാടു കടക്കുന്ന ആയിരക്കണക്കിനു അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ ഏജന്‍സികളും സഹായ സംഘങ്ങളും അവശ്യ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.

കഴിഞ്ഞ 17 വര്‍ഷമായി വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ താമസിച്ചിുന്ന കായല്‍ മുഹമ്മദ് എന്നായളെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നാടു കടത്തിയിരുന്നു. അഞ്ച് കുട്ടികളുള്ള അദ്ദേഹം ഒരാഴ്ച മുമ്പാണ് അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് നാടുകടത്തപ്പെട്ടത്. വീട്ടുസാധനങ്ങളൊന്നും തന്നോടൊപ്പം കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സ്വന്തമായുള്ളതെല്ലാം പാകിസ്ഥാനില്‍ അവശേഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പില്‍ പുതപ്പുപോലുമില്ലാതെയാണ് ഏഴു വയസ്സുകാരിയായ തന്റെ മകള്‍ ഉറങ്ങുന്നതെന്നും തണുപ്പ് സഹിക്കാനകാതെ അവള്‍ കരയുകയാണെന്നും മുഹമ്മദ് പറയുന്നു. അന്താരാഷ്ട്ര സമൂഹത്തോട് സഹായത്തിനായി അഭ്യര്‍ത്ഥിച്ച മുഹമ്മദ് തങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാരിനോട് ചോദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

പണവംു ആഭരണങ്ങളുമെല്ലാം പാക്കിസ്ഥാനില്‍ തന്നെ ഉപേക്ഷിച്ചാണ് ഓരോ കുടുംബവും രാജ്യം വിടുന്നത്. സ്വന്തമായുള്ളതൊന്നും കൊണ്ടുപോകാന്‍ അവര്‍ സമ്മതിച്ചില്ല. മടങ്ങിയെത്തുന്നവരില്‍ പലരും വിദ്യാഭ്യാസ രേഖകളില്ലാതെ മടങ്ങിവരുന്നതിനാല്‍ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഉറുദുവും ഇംഗ്ലീഷും പഠിച്ചതിനാല്‍ പ്രാദേശിക അഫ്ഗാന്‍ ഭാഷകളായ ദാരി, പാഷ്‌തോ എന്നിവ അറിയില്ലെന്നും സേവ് ദി ചില്‍ഡ്രന്‍ കണ്‍ട്രി ഡയറക്ടര്‍ അര്‍ഷാദ് മാലിക് പറഞ്ഞു. മടങ്ങിവരുന്ന മിക്ക കുടുംബങ്ങളും പാകിസ്ഥാനിലെ ദരിദ്രരായ കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്നവരാണ്. അതിയായ ദാരിദ്രം അഫ്ഗാനിസ്ഥാനില്‍ ബാലവേലയും കള്ളക്കടത്തിലുള്ള കുട്ടികളുടെ പങ്കും വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭക്ഷണവും വെള്ളവും പുതപ്പും വിതരണം ചെയ്തുകൊണ്ട് അഫ്ഗാനികളെ സഹായിക്കാന്‍ തങ്ങള്‍ക്ക് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളുണ്ടെന്ന് താലിബാന്‍ പറയുന്നു. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തിയതോടെ അഫ്ഗാനിസ്ഥാന്‍ വെല്ലുവിളികളാല്‍ വലയുകയാണ്. വര്‍ഷങ്ങളായുള്ള വരള്‍ച്ച, പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥ എന്നിവയെല്ലാം ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ രാജ്യം വിട്ടു പോകാന്‍ കാരണമായി. നിലവില്‍ പാകിസ്ഥാന്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായവരെ പിന്തുണയ്ക്കാനോ സമന്വയിപ്പിക്കാനോ അഫ്ഗാനിസ്ഥാന് കഴിയില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

Afghans fleeing Pakistan lack water, food and shelter once they cross the border, aid groups say

More Stories from this section

family-dental
witywide