കുടകിലെ റിസോര്‍ട്ടില്‍ മലയാളി ദമ്പതികളുടെ ആത്മഹത്യ; മരിച്ചത് മുന്‍ സൈനികനും കോളജ് അധ്യാപികയും

കണ്ണൂർ: കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി.

വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസർകോട് സ്വദേശിയായ ആദ്യ ഭർത്താവുമായും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. വിനോദിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജെയ്ൻ മരിയ. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കി. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10-ന് മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ അവിടെനിന്ന് തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായ ജിബി ഏബ്രഹാമുമായി അടുപ്പത്തിലായത്. തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം.

വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ണര്‍ കൂടിയായിരുന്നു. ജെയിന്‍ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്. കനേഡിയന്‍ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം.

More Stories from this section

family-dental
witywide