ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു: ആകെ മരണം 12000 കടന്നു

ഗാസ: ഏഴാം ആഴ്ചയിലേക്ക് കടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കടന്നു ഇതിൽ അയ്യായിരത്തിൽ ഏറെപ്പേർ കുട്ടികളാണ്. തുടർച്ചയായ മൂന്ന്‌ ദിവസങ്ങളിലായി ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിലേക്ക്‌ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം രണ്ട്‌ ആക്രമണങ്ങളിലായി 80 പേർ കൊല്ലപ്പെട്ടു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്‌. കൊല്ലപ്പെട്ടവരിൽ 19 കുട്ടികളടക്കം ഒരു കുടുംബത്തിലെ 32 പേരുണ്ട്‌. ആറാഴ്ച കടന്ന യുദ്ധത്തിൽ 16 ലക്ഷം പലസ്തീനികൾ ഭവനരഹിതരായ ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലേക്കാണ്‌ ഇസ്രയേൽ തുടർ ആക്രമണം നടത്തുന്നത്‌. ഗാസയിലെ അൽ ഫഖൂറ സ്കൂളിൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചപ്പോൾ അഭയാർഥി കേന്ദ്രമാക്കി മാറ്റിയ യുഎൻ സ്കൂളാണിത്‌.

അതേസമയം, ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിൽനിന്ന്‌ ആളുകളെ കൂട്ടമായി ഒഴിപ്പിക്കുകയാണ്‌. രോഗികളും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം ഏഴായിരത്തിലധികം പേർ ഇവിടെയുണ്ടായിരുന്നു. ശനിയാഴ്ച ആളുകൾ കൂട്ടംകൂട്ടമായി കാൽനടയായി പുറത്തേക്ക്‌ പോകുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. വെള്ളി രാത്രി ആശുപത്രിക്കുള്ളിൽ വലിയ സ്‌ഫോടനം ഉണ്ടായി. ആശപത്രി ഇപ്പോൾ ശൂന്യമാണ് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. എന്നാൽ, തങ്ങൾ  ഒഴിപ്പിക്കൽ ഉത്തരവ്‌ നൽകിയിട്ടില്ലെന്നാണ്‌ ഇസ്രയേൽ വാദം. ഹമാസ്‌ കേന്ദ്രമാണെന്ന്‌ ആരോപിച്ച്‌ ആശുപത്രിയുടെ ഓരോ ഭാഗമായി തകർക്കുകയാണ്‌ ഇസ്രയേൽ സൈന്യം.

അതിനിടെ ഖാൻയൂനിസിലുള്ളവരോട് അവിടെ വിട്ട് പോകണം എന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഈജിപ്തിനടുത്തുള്ള റഫാ പ്രദേശത്തേക്ക് മാറാനാണ് ഇസ്രയേൽ ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ ഇപ്പോൾ തന്നെ ഇസ്രയേൽ ആക്രമണം നടക്കുന്നുണ്ട്.

അതിനിടെ ശനിയാഴ്ച റാഫ അതിർത്തിവഴി ഒരു ട്രക്ക്‌ ഇന്ധനം ലഭിച്ചതായി ഗാസയിലെ യു എൻ ഏജൻസികൾ പറഞ്ഞു. പൂർണമായും തകരാറിലായിരുന്ന ഇൻ്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു.

death toll crosses 12000 in Gaza

More Stories from this section

family-dental
witywide