
ന്യൂഡൽഹി : ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഡൽഹി മെഡിയോർ ആശുപത്രിയിലെ (മുൻപ് റോക്‌ലാൻഡ്) രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചൽ ജോസഫിന്റെ കുടുംബത്തിനു ഡൽഹി സർക്കാർ ഒരു കോടി രൂപ നൽകണമെന്നാണു വിധി. 2020 ജൂണിൽ ആദ്യ തരംഗത്തിനിടെ കോവിഡ് പോസിറ്റീവായാണു റേച്ചൽ മരിച്ചത്.
കോവിഡ് ജോലിക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജർ ആൻഡ് സൂപ്പർവൈസറായിരുന്ന റേച്ചലിനെ കോവിഡ് ജോലിക്കു നിയോഗിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനെതിരെ റേച്ചലിന്റെ ഭർത്താവ് ജോസഫ് വർഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.














