ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ട്യൂഷന്‍ സെന്ററുകള്‍ക്ക് ചോര്‍ത്തി നല്‍കി; ഡിഡിഇ ഓഫീസിലേയ്ക്ക് കെഎസ്യു മാര്‍ച്ച്

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപിച്ച് കെഎസ്യു കോഴിക്കോട് ഡിഡിഇ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഡിഡിഇ ഓഫീസിനു മുന്നില്‍ വെച്ച് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ബന്ധപ്പെട്ട അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും ചോര്‍ത്തി നല്‍കിയെന്നാണ് കെഎസ് യു ആരോപിക്കുന്നത്.

യൂട്യൂബില്‍ പ്രസിദ്ധീകരിച്ച എട്ടോളം ചോദ്യങ്ങള്‍ പരീക്ഷയില്‍ ആവര്‍ത്തിക്കുകയും പറഞ്ഞ അത്രതന്നെ മാര്‍ക്കിന്റെ ചോദ്യങ്ങളായി വരികയും ചെയ്തുവെന്ന് കെഎസ്യു ആരോപിച്ചു. ഒന്നിലധികം ചോദ്യപേപ്പറുകള്‍ ഇത്തരത്തില്‍ ചോര്‍ന്നെന്നാണ് ആരോപണം. തങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി സ്വകാര്യ ട്രൂഷന്‍ സെന്ററുകളും യൂട്യൂബ് ചാനലുകളും ചോദ്യപേപ്പറുകള്‍ നേരത്തേ ലഭ്യമാക്കാറുണ്ടെന്നും അധ്യാപകരാണ് ഇത് ചോര്‍ത്തി നല്‍കുന്നതെന്നും ആരോപണമുണ്ട്.

ചോദ്യങ്ങള്‍ മുന്‍കൂരായി ലഭിക്കുന്നത് വഴി തങ്ങള്‍ പഠിപ്പിച്ച ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് ഉണ്ടാകും എന്ന് വിദ്യാര്‍ത്ഥികളില്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം. കെഎസ്യു ജില്ലാ നേതാക്കള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ(ഡിഡിഇ) നേരില്‍ കണ്ട് ഇക്കാര്യം അറിയിച്ചു. പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഡിഇഒമാരോട് റിപ്പോര്‍ട്ട് തേടാമെന്നുമാണ് ഡിഡിഇ നല്‍കിയ മറുപടി. എന്നാല്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നാണ് കെഎസ്യു ആവശ്യപ്പെടുന്നത്.

More Stories from this section

family-dental
witywide