
ഗാസ: വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി (UNRWA) നടത്തുന്ന അൽ-ഫഖൂറ സ്‌കൂളിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സാധാരണക്കാരോട് ഇസ്രായേൽ പ്രഖ്യാപിച്ച യുദ്ധം വടക്കൻ ഗാസ മുനമ്പിലെ മുഴുവൻ പലസ്തീനികളെയും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അൽ-ഫഖൂറ സ്കൂൾ കൂട്ടക്കൊല തെളിയിക്കുന്നുവെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അൽ-ഷിഫ ആശുപത്രിയുടെ സമാന അവസ്ഥയിലാണ് അൽ-ഫഖൂറ സ്കൂളും. 2009, 2014 വർഷങ്ങളിൽ ഈ സ്‌കൂളിൽ ബോംബാക്രമണം ഉണ്ടായിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് ബോംബാക്രമണം നടക്കുന്നത്.
ആയിരക്കണക്കിന് ആളുകൾക്ക് അഭയം നൽകുന്ന ഒരു വിദ്യാലയത്തിനു നേരെയാണ് ഇസ്രയേൽ സൈന്യം അതിരക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. വടക്കൻ ഗാസ മുനമ്പിൽ പോരാട്ടം തുടരുന്നതിനാൽ, ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിനെതിരായ സംരക്ഷണത്തിനായി നിരവധി പലസ്തീനികൾ ഇന്തോനേഷ്യൻ ആശുപത്രിക്ക് സമീപമുള്ള ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്കൂളുകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
സ്‌കൂളുകൾക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല. ബേക്കറികൾക്കും ആശുപത്രികൾക്കും നേരെയും സമാനമായ ആക്രമണങ്ങൾ ഇതിനുമുമ്പും നടന്നിട്ടുണ്ട്.














