
ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയിലും അക്രമത്തിലും സാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും പരസ്പരം ആശങ്ക പങ്കുവെച്ചുവെന്നും മാനുഷിക വിഷയങ്ങള്‍ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൂട്ടായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചെന്നും മോദി എക്സില്‍ കുറിച്ചു.
തീവ്രവാദം, അക്രമം, സാധാരണക്കാരുടെ മരണം എന്നീ വിഷയങ്ങളിലാണ് മോദി ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തിയത്. ഗാസയ്ക്കുള്ളില്‍ കടന്ന് നിയന്ത്രിതമായ തോതില്‍ കരസേന ചില ആക്രമണങ്ങള്‍ നടത്തിയതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ സ്ഥിരീകരിച്ചു. കവചിതവാഹനങ്ങളും കാലാള്‍പ്പടയുമാണ് ആക്രമണം നടത്തിയത്. ഇതിനു പിന്നാലെയാണ് മോദി ജോര്‍ദാന്‍ രാജാവുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്.
ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 200ലധികം ഇസ്രയേല്‍ പൗരന്മാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സൈനിക നീക്കമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസിന്റെ 320 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം ഇസ്രയേലിന്റെ തിരിച്ചടിയില്‍ അറബ് രാജ്യങ്ങള്‍ അത്ൃപ്തി അറിയിച്ചിരുന്നു.














