
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിൻ്റെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാകും കേരളത്തിന് വേണ്ടി ഹാജരാകുക. ലിംഗസമത്വം, മതപരമായ ആചാരങ്ങൾ, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ അന്തിമ നിലപാട് ഇന്ന് കോടതിയെ അറിയിക്കും.
മതപരമായ ആചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പെടെയുള്ള ഏഴ് സുപ്രധാന നിയമപ്രശ്നങ്ങളാണ് ഈ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കേസിൽ വിശ്വാസികളുടെയും വിവിധ സംഘടനകളുടെയും വാദം നേരത്തെ പൂർത്തിയായിരുന്നു. മതത്തിൻ്റെ അന്തസത്തയെ ബാധിക്കാത്ത രീതിയിലുള്ള പരിഷ്കരണങ്ങൾ മാത്രമേ അനുവദിക്കാനാകൂ എന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
ഇന്നത്തെ വാദങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കേസ് വിധി പറയാനായി മാറ്റാനാണ് സുപ്രീം കോടതിയുടെ നീക്കം. ശബരിമല കേസിനൊപ്പം തന്നെ മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഈ ബെഞ്ചിൻ്റെ തീരുമാനം നിർണ്ണായകമാകും.
Sabarimala case: Nine-member constitution bench to hear state government’s arguments today














