
അമ്മ കുളിപ്പിക്കാതിരിക്കാന്‍ കാറില്‍ കയറി ഒളിച്ച അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ രാജ്കോട്ടില്‍ സെപ്തംബര്‍ 23 നാണ് സംഭവം നടന്നത്. ജുനഗഡ് ജിഐഡിസിയില്‍ രവീന്ദ്ര ഭാരതിയുടെ മകനായ അഞ്ചു വയസ്സുകാരന്‍ ആദിത്യയാണ് മരിച്ചത്. ആദിത്യയുടെ അമ്മ മൂന്നു വയസ്സുള്ള ഇളയ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. അടുത്തതായി തന്നെ കുളിപ്പിക്കുമെന്ന് അറിയാമായിരുന്നതിനാല്‍ ആദിത്യ അമ്മയെ കബളിപ്പിച്ച് ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്ത് കാര്‍ ഡോര്‍ തുറന്ന നിലയില്‍ കണ്ടതോടെ കുട്ടി കാറിനകത്ത് കയറി.
എന്നാല്‍ കാര്‍ പിന്നീട് ഓട്ടോമാറ്റിക് ലോക്കായതോടെ കുട്ടി കാറിനകത്ത് കുടുങ്ങി. രണ്ടരമണിക്കൂറോളം കാറിനകത്ത് കുടുങ്ങിയ കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുകയായിരുന്നു. സഹോദരനെ കുളിപ്പിച്ച് അമ്മ പുറത്തിറങ്ങിയപ്പോള്‍ ആദിത്യയെ കാണാനില്ലായിരുന്നു. മാതാപിതാക്കള്‍ അവനെ അന്വേഷിച്ചെങ്കിലും എവിടെയും കാണാതെ വന്നപ്പോള്‍ സിസിടിവി പരിശോധിക്കാന്‍ പിതാവ് ഫാക്ടറി ഉടമയോട് ആവശ്യപ്പെട്ടു. ആദിത്യ കാറിന് സമീപം കറങ്ങുന്നത് ക്യാമറയില്‍ കണ്ടെങ്കിലും പിന്നീട് അവനെക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് കാര്‍ തുറന്നു നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്.
കുട്ടിയെ ഉടന്‍ തന്നെ ജുനഗഡ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് രാജ്കോട്ടിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ വഴിമധ്യേ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. രവീന്ദ്ര ജോലി ചെയ്യുന്ന ഫാക്ടറി ഉടമയുടെതായിരുന്നു കാര്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ കാഞ്ചന്‍പൂരില്‍ നിന്ന് ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പം രവീന്ദ്ര അടുത്തിടെയാണ് ഇവിടെയെത്തിയത്. ഫാക്ടറി ഉടമ അനുവദിച്ച ചെറിയ മുറിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.














