
പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
പ്രതിഷേധക്കാർ വനംവകുപ്പ് ജീപ്പ് കേടുവരുത്തുകയും പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തതോടെ പൊലീസ് ലാത്തിവീശി. ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഇന്ന് രാവിലെയോടെ പുൽപ്പള്ളിയിൽ പ്രതിഷേധം തുടങ്ങിയത്.
അതേസമയം വയനാട് എം.പി. രാഹുല്‍ ഗാന്ധി, ഇന്നു വൈകുന്നേരം മണ്ഡലത്തിലെത്തും. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍.
വാരണാസിയില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ശേഷം ഞായറാഴ്ച പ്രയാഗ് രാജില്‍ നടക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരികെ പോകും. വയനാട്ടിലെ ജനങ്ങള്‍ ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ മണ്ഡലത്തിലെ എം.പി. എവിടെ എന്ന ചോദ്യങ്ങളും വിവിധ കോണില്‍നിന്ന് ഉയര്‍ന്നിരുന്നു.















