പലസ്തീനിൽ വംശഹത്യ: ഇസ്രയേലിന് എതിരായ കേസിൽ വാദം തുടങ്ങി

ഗാസയിൽ കടുത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ വംശഹത്യ നടപ്പാക്കുകയാണെന്ന്‌ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക. ഇസ്രയേലിനെതിരെ വംശഹത്യ കുറ്റത്തിന്‌ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വ്യാഴാഴ്‌ച വാദം കേൾക്കൽ തുടങ്ങി. ഗാസയിൽ വംശഹത്യയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഇസ്രയേൽ നേതൃത്വത്തിന്റെയും സൈന്യത്തിന്റെയും പ്രസ്താവനകളും പ്രവൃത്തിയും വ്യക്തമാക്കുന്നു. പലസ്‌തീൻ ജനതയ്‌ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണവും ഉന്മൂലനവും ഒക്‌ടോബർ ഏഴിന്‌ തുടങ്ങിയതല്ലെന്ന്‌ ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ്‌ ലമോള വിഷയം അവതരിപ്പിക്കവേ പറഞ്ഞു. 76 വർഷമായി അവർ ആക്രമണം അനുഭവിക്കുന്നു. ഒക്ടോബർ ഏഴുമുതൽ അത് ദൈനംദിന സംഭവമായി. സായുധ ആക്രമണത്തിന്‌ തിരിച്ചടിയെന്നപേരിൽ എല്ലാ നിയമവും ധാർമികതയും ലംഘിച്ച്‌ കൂട്ടക്കൊല നടത്തുന്നതിൽ ന്യായീകരണമില്ല. വംശഹത്യ തടയുന്നതിനുള്ള ഉടമ്പടി ഇസ്രയേൽ ലംഘിച്ചു. മനുഷ്യത്വത്തിനൊപ്പം നിലകൊള്ളുകയെന്ന ബോധത്തോടെയാണ്‌ പലസ്‌തീനുവേണ്ടി ദക്ഷിണാഫ്രിക്ക സംസാരിക്കുന്നത്‌–- ലമോള പറഞ്ഞു.

1948 മുതൽ പലസ്തീൻ ജനതയ്‌ക്കെതിരെ നടത്തിവരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇസ്രയേലിന്റെ വംശഹത്യാ നടപടികളെന്ന്‌ ദക്ഷിണാഫ്രിക്കയുടെ നെതർലൻഡ്‌സിലെ അംബാസഡർ വുസിമുസി മഡോൻസെല കോടതിയിൽ പറഞ്ഞു. വംശഹത്യയുടെ നിർവചനത്തിൽ വരുന്ന പ്രവൃത്തികൾ ചെയ്ത്‌ ഇസ്രയേൽ വംശഹത്യ കൺവൻഷന്റെ അനുച്ഛേദം രണ്ട്‌ ലംഘിച്ചുവെന്ന് അഭിഭാഷകയായ ആദില ഹാസിം പറഞ്ഞു. ഗാസയിലെ ജനതയെ രക്ഷിക്കാൻ ഉടൻ നടപടിയെടുക്കണം. ഹമാസ്‌ ഒരു രാജ്യമല്ലാത്തതിനാൽ വംശഹത്യ കൺവൻഷൻ പ്രകാരമുള്ള നടപടികളിൽ കക്ഷി ചേർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. വെള്ളിയാഴ്‌ച ഇസ്രയേലിന്റെ വാദം നടക്കും. 15 ജഡ്‌ജിമാരാണ്‌ വാദം കേൾക്കുന്നത്‌.

അറബ്‌ രാഷ്‌ട്രങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോർപറേഷൻ, മലേഷ്യ, തുർക്കിയ, ജോർദാൻ ബൊളീവിയ എന്നിവർ ദക്ഷിണാഫ്രിക്കയെ പിന്തുണച്ചു. മാലദ്വീപ്‌, നമീബിയ, പാകിസ്ഥാൻ, അറബ്‌ ലീഗ്‌, കൊളംബിയ, ബ്രസീൽ തുടങ്ങിയവരും അനുകൂലിച്ചു. അമേരിക്ക എതിർത്തപ്പോൾ ഇസ്രയേൽ സഖ്യകക്ഷികളായ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉൾപ്പെടെയുള്ളവർ മൗനം പാലിച്ചു. അതേസമയം, ഹേഗിലെ കോടതിക്കു പുറത്ത്‌ ഇസ്രയേൽ അനുകൂലികളും പലസ്‌തീൻ അനുകൂലികളും പ്രതിഷേധിച്ചു.

At ICJ, South Africa accuses Israel of genocide in Gaza

More Stories from this section

family-dental
witywide