
കോഴിക്കോട്: സ്കൂളിനകത്ത് ഗണപതി പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് നെടുമണ്ണൂർ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സജിത ടി കെ. രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് പൂജ നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു. നവമിയുടെ ഭാഗമായി സ്കൂളിൽ കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ പൂജ പതിവില്ല. സംഭവത്തിൽ പരാതി നൽകുമെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.
അതിനിടെ നെടുമണ്ണൂർ എൽപി സ്കൂളിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പൂജ സംബന്ധിച്ച വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുന്നുമ്മൽ എ ഇ ഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്ന് കുന്നുമ്മൽ എ ഇ ഒ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് ബി ജെ പി പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട് എ ല്‍പി സ്‌കൂളിനകത്ത് പൂജ നടത്തിയത്. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്‍റെ നേതൃത്വത്തിലുള്ളവരാണ് പൂജ നടത്തിയത്. സ്‌കൂളിനകത്ത് രാത്രി അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് പൂജയാണെന്ന് മനസിലായത്. ഇതോടെ പ്രതിഷേധവും ഉയർന്നു. പിന്നാലെ സി പി എം പ്രവര്‍ത്തകരെത്തി സ്കൂളിനകത്തെ പൂജ തടയുകയായിരുന്നു. ശേഷം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലുമെടുത്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസുമായി ചെറിയ തോതിൽ സംഘർഷമുണ്ടാകുകയും ചെയ്തു.
BJP , ganapathi pooja, kozhikode LP School, kozhikode School, kozhikode LP School ganapathi pooja, kozhikode School ganapathi pooja,













