കൊച്ചി: ദുബായ്‌യിലെ ഹോട്ടല്‍മുറിയില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളി ഇന്ന് ഡിജിപിക്ക് പരാതി നല്‍കും. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്.
യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പ്രതിയാക്കിയതിനെതിരെ നടന്‍ നിവിന്‍ പോളി കഴിഞ്ഞദിവസം രാത്രിയില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും തെറ്റു ചെയ്തിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരും ഒപ്പമില്ലെങ്കിലും ഒറ്റയ്ക്ക് താന്‍ പോരാടുമെന്നും നിവിന്‍ വ്യക്തമാക്കി.
അതോടൊപ്പം, യുവതിയുടെ പരാതിയും ആരോപണങ്ങളും കള്ളമാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും താരം നീക്കം നടത്തുന്നുണ്ട്. ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് നടന്‍. ഇത് ലഭിച്ചാലുടന്‍ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. ഇതിനായി കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടികാഴ്ച നടത്തിയെന്നാണ് വിവരം.