
ആലപ്പുഴ: ആലപ്പുഴ പാര്‍ട്ടി മുഖപത്രത്തിനു വരിക്കാരെ ചേര്‍ക്കാന്‍ ബാങ്ക് വായ്പ എടുപ്പിച്ചെന്നും ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടക്കെണിയിലാണെന്നും വ്യക്തമാക്കി സിപിഎം നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. കായംകുളത്തുനിന്നുമാണ് സഖാക്കളുടെ പരാതി ഉയരുന്നത്.
കായംകുളം മേഖലയിലെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കുട്ടനാണ് തനിക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇതോടെ ഉള്ളിലുള്ള സംങ്കടങ്ങള്‍ പങ്കുവെച്ച കുട്ടനെ പ്രവര്‍ത്തകരും നേതാക്കളുമുള്‍പ്പെടെ പലയിടത്തു നിന്നും പിന്തുണ അറിയിച്ചു.
വായ്പയെടുത്ത പണം പാര്‍ട്ടിക്കാണു നല്‍കിയതെന്നും പത്രത്തിനു വരിക്കാരെ ചേര്‍ത്ത് അവരില്‍ നിന്നു വരിസംഖ്യയായി ഈ തുക പിരിച്ചെടുക്കാനായിരുന്നു ലഭിച്ച നിര്‍ദേശമെന്നും എന്നാല്‍ അതു നടക്കാതെ വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്നും കുട്ടന്‍ ചൂണ്ടിക്കാട്ടുന്നു. വായ്പ എടുത്തതിലൂടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നും നേതാക്കളും കയ്യൊഴിഞ്ഞെന്നും പണം തിരിച്ചടയ്ക്കാനാവാതെ വലയുകയാണെന്നും കുട്ടന്‍ പറയുന്നു.
പ്രശ്‌നം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും ഉടന്‍ പരിഹരിക്കാമെന്നു പറയുന്നതല്ലാതെ ഒരു തീരുമാനവും എടുത്തില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മാത്രമല്ല, താനിപ്പോള്‍ രോഗങ്ങളാല്‍ അവശനാണ്. 78 വയസ്സായി. പാര്‍ട്ടി വരുത്തിയ ഈ കടം എനിക്കു വീട്ടാന്‍ കഴിയില്ല. തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് എനിക്കു കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഇദ്ദേഹം നല്‍കുന്നു.
കുട്ടന്‍ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘1979 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. സിപിഎമ്മിലെ ചിലര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നുറുകണക്കിനു പേരെ ബലിയാടാക്കി. സിപിഎം ഭരിക്കുന്ന പുള്ളിക്കണക്ക്, കൃഷ്ണപുരം സഹകരണ ബാങ്കുകളില്‍ നിന്ന് 5 വര്‍ഷം മുന്‍പ് പത്രത്തിനായി എടുത്ത വായ്പയ്ക്കു ഞങ്ങളെ ജാമ്യം നിര്‍ത്തി. ഈ വകയില്‍ രണ്ടു ബാങ്കിലുമായി എനിക്കും ഭാര്യയ്ക്കും മകനും കൂടി 50,000 രൂപയോളം ബാധ്യതയാണ്.
പലതവണ ബാങ്കില്‍ നിന്നു നോട്ടിസ് വന്നു. പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചപ്പോള്‍ ഉടന്‍ പരിഹരിക്കാമെന്നു പറയുന്നതല്ലാതെ ഒരു തീരുമാനവും എടുത്തില്ല. ഞാനിപ്പോള്‍ രോഗങ്ങളാല്‍ അവശനാണ്. 78 വയസ്സായി. പാര്‍ട്ടി വരുത്തിയ ഈ കടം എനിക്കു വീട്ടാന്‍ കഴിയില്ല. തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് എനിക്കു കടക്കേണ്ടിവരും.’















