ഹര്‍ഷിതയെ കഴുത്തുഞെരിച്ചുകൊന്നു, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി 60 ലേറെ ഡിറ്റക്ടീവുമാര്‍

ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഹര്‍ഷിത ബ്രെല്ല(24)യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊന്നത് കഴുത്തുഞെരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഇന്ത്യന്‍ വംശജനുമായ പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസക്കാരായിരുന്നു ഹര്‍ഷിതയും ഭര്‍ത്താവും.

നവംബര്‍ 14നാണ് ഇല്‍ഫോഡില്‍ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍നിന്ന് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു 4 ദിവസം മുന്‍പ്, ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്നാണ് നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കാഷ് വ്യക്തമാക്കിയത്. പങ്കജ് ലാംബ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊലപാതകത്തിനു ശേഷം നോര്‍ത്താംപ്ടണ്‍ഷെയറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോഡില്‍ എത്തിച്ചുവെന്നും പിന്നീട് രാജ്യം വിട്ടെന്നുമാണ് കരുതുന്നത്.

ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും ഹര്‍ഷിതയുടെ കുടുംബം പറയുന്നു.

ഹര്‍ഷിതയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇല്‍ഫോഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ലാംബയ്ക്കായി അറുപതിലേറെ ഡിറ്റക്ടീവുമാരാണ് അന്വേഷണം നടത്തുന്നത്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിവാഹിതയായ ഹര്‍ഷിതയും ലാംബയും ഏപ്രിലോടെ ഡല്‍ഹിയില്‍നിന്നു യുകെയിലേക്ക് എത്തുകയായിരുന്നു.

More Stories from this section

family-dental
witywide