ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍; ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പായി ഗാസ

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങള്‍ ഇന്ന് 100ാം ദിവസത്തിലേക്ക് കടക്കുന്നു. ഇപ്പോഴത്തെ യുദ്ധത്തിന് പെട്ടെന്നൊരു അവസാനമുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഹമാസിനെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ഇസ്രയേല്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. നവജാതശിശുക്കള്‍, ഗര്‍ഭിണികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലസ്തീനിലെ കുറഞ്ഞത് 23,843 പേരെയാണ് കൊലപ്പെടുത്തിയത്.ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണമാകട്ടെ 60,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഗാസയിലെ ജനസംഖ്യയുടെ ഒരു ശതമാനമാനത്തോളമാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരെ കാണാതാകുകയും ചെയ്തു. 80 ശതമാനം പേര്‍ കുടിയിറക്കപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ തെക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളിലൂടെയാണ് ചെറിയ ഇടവേളക്ക് ശേഷം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ഹോളോകോസ്റ്റിന് ശേഷം ജൂതന്മാര്‍ നേരിടുന്ന കടുത്ത ആക്രമണമായിരുന്നു ഇത്.

ഇതിനോട് പ്രതികരിച്ച ഇസ്രയേല്‍ യുദ്ധത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ കിരാത പ്രവൃത്തികളാണ് ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതെങ്കിലും പിന്നെ അത് കരയാക്രമണത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ആദ്യനാളുകളില്‍ സുരക്ഷിതമെന്ന് കരുതിയ തെക്കന്‍ ഗാസയാകട്ടെ ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യ സ്ഥാനവുമാണ്. പലായനം ചെയ്യേണ്ടവരോട് തെക്കന്‍ ഗാസയിലേക്ക് പ്രവേശിക്കാനായിരുന്നു ഇസ്രയേല്‍ ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍ പിന്നീട് തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

2024ലും ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചന ഈ വര്‍ഷാരംഭത്തില്‍ തന്നെ നല്‍കിയിട്ടുമുണ്ട്. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെയും, ഹമാസിനെ ഇല്ലാതാക്കുന്നത് വരെയും യുദ്ധം കുറച്ച് മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായം. 2007ല്‍ പലസ്തീനെ ഹമാസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഗാസയുടെ സ്ഥിതി മോശമായിരുന്നുവെങ്കിലും ഒക്ടോബര്‍ ഏഴിന് ശേഷം അത് ഭീകരമാകുകയായിരുന്നു. ആധുനിക ലോകത്തെ ഏറ്റവും വലിയ ബോംബാക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ പ്രയോഗിച്ചത്. നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകളാണ് ഇസ്രയേല്‍ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിയിലടക്കം പ്രയോഗിച്ചത്. പകുതിയോളം കെട്ടിടങ്ങളാണ് ഇതിനോടകം നശിക്കപ്പെട്ടത്.

വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം തുടങ്ങി മാനുഷിക ആവശ്യങ്ങള്‍ പോലും ഇസ്രയേല്‍ കടത്തിവിടാന്‍ സമ്മതിച്ചിരുന്നില്ല. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍, വടക്കും കിഴക്കും ഇസ്രയേല്‍, തെക്ക് ഈജിപ്ത്. ഇതാണ് ഗാസ മുനമ്പിന്റെ അതിര്‍ത്തികള്‍. ഗാസയില്‍ നിന്ന് പുറം ലോകത്തേക്ക് മൂന്ന് വഴികള്‍ മാത്രം. ഇസ്രയേല്‍ നിയന്ത്രിക്കുന്ന കരേം അബു സലേം ക്രോസിംഗും, എറെസ് ക്രോസിങ്ങും ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള റഫ ക്രോസിങ്ങും. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിര്‍ത്തി ഈജിപ്ത് അടച്ചതോടെ ഗാസയിലെ സാധാരണക്കാരുടെ അവശ്യവസ്തുക്കളുടെ കൈമാറ്റവും നിശ്ചലമാകുകയായിരുന്നു. പിന്നീട് ഇസ്രയേലും ഈജിപ്തും അമേരിക്കയും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ പ്രകാരമാണ് സഹായവുമായെത്തിയ ട്രക്കുകള്‍ കടക്കാനുള്ള അനുമതി നല്‍കിയത്.

ഗാസയിലെ കാല്‍ ഭാഗം മനുഷ്യരും പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭ സൂചിപ്പിക്കുന്നത്. 36 ആശുപത്രികളില്‍ 15 ആശുപത്രികളും പ്രവര്‍ത്തനക്ഷമമായി. ആശുപത്രികളെ പോലും വെറുതെ വിടാതെയുള്ള ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിക്കൊണ്ടിരുന്നത്.

സംഘര്‍ഷം 100 ദിവസം പിന്നിടുമ്പോഴും യുദ്ധാനന്തര ഗാസ എന്തായിരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇസ്രയേലിനോ, ലോക രാജ്യങ്ങള്‍ക്കോ നല്‍കാന്‍ സാധിച്ചിട്ടില്ല. എന്ന് അവസാനിക്കുമെന്ന് അറിയാതെ, ഉറ്റവരെയും രാജ്യത്തെയും നഷ്ടപ്പെട്ട് തങ്ങളുടെ കാലത്തെ ഏറ്റവും വലിയ മനുഷ്യത്വരഹിത സമീപനത്തിന് സാക്ഷ്യം വഹിക്കുകയാണ്, തുറന്ന ശ്തമശാനമായി മാറിയ ഗാസയിലെ ജനത.

Israel – Gaza war in 100 days

More Stories from this section

family-dental
witywide