‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ, ഇനിയും ബോംബ് പൊട്ടാനുണ്ട്’; കണ്ണൂർ സ്ഫോടനത്തിൽ സുധാകരന്‍

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ വിവാദപരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോയെന്ന് സുധാകരന്‍ ചോദിച്ചു. ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘ബോംബ് ഇനിയും പൊട്ടാനുണ്ട്. കുറച്ച് കഴിയട്ടെ. എന്നിട്ട് ഞാന്‍ നിങ്ങളെ കാണാം. ഇപ്പോള്‍ വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ’- സുധാകരന്‍ ചോദിച്ചു.

അതേസമയം, എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ വേലായുധനാണ് കഴിഞ്ഞദിവസം മരിച്ചത്. തേങ്ങയെടുക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍പാത്രം വീടിന്റെ തറയില്‍ അടിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ കോണ്‍ഗ്രസ് നേതാവ് കണ്ണോളി മോഹന്‍ദാസിന്റെ (വി.എം. മോഹന്‍ദാസ്) വീട്ടുപറമ്പിലായിരുന്നു സംഭവം.

More Stories from this section

family-dental
witywide