ഹൈക്കമാൻഡ് വിളിപ്പിച്ചു, നേതാക്കൾ കൂട്ടത്തോടെ ഡൽഹിയിലെത്തും; ‘മുഖ്യമന്ത്രി കസേരകളി’യിൽ വിശാല ചർച്ച, അന്തിമ തീരുമാനം വൈകും, കപ്പടിക്കുമോ കെസി?

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, എം.എം. ഹസൻ എന്നിവരോടും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനോടും നാളെ ദില്ലിയിലെത്താൻ നിർദ്ദേശിച്ചു. കെ പി സി സി വ‍ർക്കിംഗ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാ‍ർ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിൽ പലരും ഇതിനകം തലസ്ഥാനത്തേക്ക് തിരിച്ചുകഴിഞ്ഞു. രാത്രിയോടെ എത്തുന്ന ഇവരുമായി നാളെ ചർച്ച നടത്തും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മത്സരരംഗത്തുള്ളതിനാൽ, പരാതികൾക്ക് ഇടമില്ലാത്ത വിധം വിശാലമായ ചർച്ചകളിലൂടെ അന്തിമ തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

നിലവിലെ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിന് തന്നെയാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. അൻപതിലേറെ എംഎൽഎമാരുടെ പിന്തുണ കെസിക്കുണ്ടെന്നാണ് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ എണ്ണം ഒറ്റയക്കത്തിലൊതുങ്ങുന്നതും വേണുഗോപാലിന് അനുകൂല ഘടകമാണ്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ താല്പര്യവും കെസിക്കൊപ്പമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ദേശീയതലത്തിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് പിന്നാലെ ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിലെ അനിശ്ചിതത്വത്തെ പരിഹസിച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിൽ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ച് ബുധനാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. ലീഗിന്റെ നിലപാടും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന നേതാക്കളുമായി നാളെ നടത്തുന്ന ചർച്ചയിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഇന്ന് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. അസൗകര്യം അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി കേട്ട ശേഷം പ്രഖ്യാപനം വഴി ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

High Command summons senior leaders to Delhi for Kerala CM talks; KC Venugopal emerges as frontrunner

More Stories from this section

family-dental
witywide