വിഷമിച്ചിരിക്കരുത്, നമുക്ക് അതിജീവിക്കണം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഃഖത്തിലെന്ന് രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയ്ക്കിടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.

വയനാട് ദുരന്തത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. മാത്രമല്ല, കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്നും പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ലെന്നും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.