
കല്‍പറ്റ: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. മഴയില്‍ പത്തിലേറെ പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
കനത്ത മഴ തുടരുന്ന വയനാട്ടില്‍ കല്‍പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മാത്രമല്ല, ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴ തുടരുന്ന വയനാട്ടിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം.
അതേസമയം, 96 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.













