
മലപ്പുറം: നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീലിസിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തിൽ നടപടി. റീൽസ് വൈറൽ ആയതിനു പിന്നാലെ ബിരുദ വിദ്യാർത്ഥി അടക്കം 7 പേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതും മണൽ കടത്തിയ ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചേർത്ത് പൊലീസും റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ശാമിൽ ഷാൻ , മർവാൻ , അമീൻ , അൽത്താഫ് , മുഹമ്മദ് സവാദ് , അബ്ദുൽ മജീദ് , സഹീർ എന്നിവർ ആണ് അറസ്റ്റിലായത്. ശാമിൽഷാന്റെ ഉടമസ്ഥയിൽ ഉള്ള ലോറിയിൽ മണൽ കടത്തുമ്പോൾ ലോറിയിൽ ഉണ്ടായിരുന്ന ബിരുദ വിദ്യാർത്ഥി അമീൻ ആണ് ദൃശ്യം ചിത്രീകരിച്ചത്. നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്ന വീഡിയോ ഷൂട്ട് ചെയ്താണ് ഇവർ റീൽ ഉണ്ടാക്കി മാസ് ബിജിഎമ്മുമായി ഇൻസ്റ്റഗ്രാമിൽ ഇട്ടത്. ഇത് ശ്രദ്ധയിൽ പെട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് റീൽസ് ചെയ്തവരെ പിടികൂടിയത്. മമ്പാട് സ്വദേശികളായ ഇവരെ പിടികൂടി എല്ലാം ചിത്രീകരിച്ചു പൊലീസും റീൽസ് ഇറക്കുകയായിരുന്നു.