കടലിന്റെ ആഴങ്ങളിലേക്ക് പോയി പുരാതന ദ്വാരക നഗരം ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ചയാണ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിലെ ആഴത്തിലുള്ള വെള്ളത്തില്‍ മുങ്ങി പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തിയത്. ‘ദിവ്യ അനുഭവം’എന്ന് ഇതിനെ വിളിച്ച പ്രധാനമന്ത്രി, ‘ആത്മീയ മഹത്വത്തിന്റെ ഒരു പുരാതന യുഗവുമായി’ തനിക്ക് ബന്ധമുണ്ടെന്നും ദര്‍ശന ശേഷം പറഞ്ഞു.

‘ജലത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് വളരെ ദിവ്യമായ ഒരു അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി എനിക്ക് ബന്ധം തോന്നി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഹിന്ദു പുരാണഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഐതിഹാസിക നഗരമായ ദ്വാരക ഭരിച്ചിരുന്നത് ശ്രീകൃഷ്ണനാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, കൃഷ്ണന്‍ ഭൂമിയില്‍ നിന്ന് പോയതിനുശേഷം നഗരം ഒടുവില്‍ കടല്‍ വിഴുങ്ങിയതായാണ് പറയപ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഇവിടമാണ് പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിച്ചത്.

‘ഇന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ ആ നിമിഷങ്ങള്‍ എന്നെന്നേക്കുമായി എന്നില്‍ നിലനില്‍ക്കും… ഞാന്‍ കടലിന്റെ ആഴങ്ങളിലേക്ക് പോയി പുരാതന ദ്വാരക നഗരം ദര്‍ശിച്ചു. വെള്ളത്തിനടിയില്‍ മറഞ്ഞിരിക്കുന്ന ദ്വാരക നഗരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകര്‍ ധാരാളം എഴുതിയിട്ടുണ്ട്. നമ്മുടെ ഗ്രന്ഥങ്ങളിലും, ലോകത്തിന്റെ നെറുകയോളം ഉയരമുള്ള മനോഹരമായ കവാടങ്ങളും ഉയരമുള്ള കെട്ടിടങ്ങളുമുള്ള ഒരു നഗരമായിരുന്നു ദ്വാരകയെന്ന് പറയപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്‍ തന്നെയാണ് ഈ നഗരം നിര്‍മ്മിച്ചത്,’ ദ്വാരക ദര്‍ശനത്തിന് ശേഷം ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞതിങ്ങനെ.

ഒരു മയില്‍പ്പീലി കൊണ്ടുപോയി ഭഗവാന്‍ കൃഷ്ണന്റെ പാദങ്ങളില്‍ വച്ചുവെന്നും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സ്വപ്നം ഇന്ന് പൂര്‍ത്തീകരിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide