മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് താന്‍ കൈമാറിയ പരാതി പുറത്ത് വിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവെച്ച് അവരോട് പിന്നീട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചു, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
അതേ സമയം എല്ലാം പുറത്ത് വരട്ടെ എന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നും പി.ശശി പ്രതികരിച്ചു. എത്ര ഗുരുതരമായാലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ശശിക്കെതിരെ അന്‍വര്‍ പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇത് പുറത്ത് വിടേണ്ടി വന്നതെന്നും വ്യക്തമാക്കി കൊണ്ടാണ് നിലമ്പൂര്‍ എംഎല്‍എ പരാതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
എം.വി.ഗോവിന്ദന് നല്‍കിയ പരാതിയില്‍ അന്‍വര്‍ താൻ നേരിട്ട അനുഭവങ്ങള്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ കാര്യങ്ങളില്‍ പി.ശശിയെ കുറ്റപ്പെടുത്തിയും അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ സംശയവും ഉന്നയിച്ചാണ് അന്‍വര്‍ പരാതി നല്‍കിയിട്ടുള്ളത്.
PV Anwar posted the complaint against P Sasi in Facebook