
ദില്ലി: രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഭരണഘടന കൈയ്യില്‍ ഉയർത്തിപിടിച്ച് പ്രസംഗം ആരംഭിച്ച രാഹുല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് പ്രഖ്യാപിച്ചു. മോദി അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളിയെന്ന് ചൂണ്ടികാട്ടിയ രാഹുൽ, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 24 തവണ വേതനം നല്‍കാനുള്ള പണമാണ് മോദി സർക്കാർ എഴുതി തള്ളിയതെന്നും വിമർശിച്ചു. മോദിയുമായി സംവാദം നടത്താൻ താന്‍ തയ്യാറാണെന്ന് ആവർത്തിച്ച രാഹുൽ, എന്നാല്‍ മോദി തയ്യാറാകുന്നില്ലെന്നും വിമർശിച്ചു.
മോദി സംവാദത്തിന് തയ്യാറായാല്‍ ആദ്യം അംബാനിയും അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ചോദിക്കുമെന്നും രാഹുൽ വിവരിച്ചു. അതോടെ സംവാദം അവസാനിക്കുമെന്നും രാഹുല്‍ പരിഹസിച്ചു. റംസാൻ കാലത്ത് മുസ്ലീം സഹോദരങ്ങള്‍ തനിക്ക് ഭക്ഷണം തരുമായിരുന്നുവെന്ന് മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞെന്ന് ചൂണ്ടികാട്ടിയ രാഹുൽ, മോദി അപ്പോള്‍ സസ്യാഹാരിയല്ലേയെന്നും പരിഹസിച്ചു.
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയും രാഹുല്‍ വോട്ട് അഭ്യർത്ഥിച്ചു. കെജ്രിവാളിനെയും ഹേമന്ത് സോറനെയും മോദി സർക്കാർ ജയിലിലടച്ചു. ചൂല് കൈയ്യിലേന്തിയാണ് ഇത്തവണത്തെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. സാഹോദര്യത്തിന്‍റെ നാടാണ് ദില്ലിയെന്നും മോദി സർക്കാരിനെതിരായ ജനവിധിയാകും ഇത്തവണത്തെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.















