നീറ്റില്‍ നീറി പാര്‍ലമെന്റ്; എനിക്ക് മൈക്ക് തരൂ എന്ന് രാഹുല്‍, മൈക്ക് ഓഫ് ചെയ്ത് നിശബ്ദരാക്കേണ്ടെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി സംസാരിക്കവെ മൈക്ക് ഓഫ് ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മൈക്ക് സ്വിച്ച് ഓഫ് ചെയ്‌തെന്നും പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) വിഷയത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഗൂഢാലോചന നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

”നീറ്റിനെക്കുറിച്ച് നരേന്ദ്രമോദി മൗനം പാലിക്കുമ്പോള്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ യുവാക്കളുടെ പ്രശ്നത്തിനായി പോരാടുകയാണ്. എന്നിരുന്നാലും, അത്തരമൊരു ഗുരുതരമായ വിഷയത്തില്‍, പാര്‍ലമെന്റില്‍ മൈക്രോഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതുപോലുള്ള പ്രവൃത്തികളിലൂടെ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയാണ് നടപ്പിലാക്കുന്നത്” – കോണ്‍ഗ്രസ് എക്സില്‍ കുറിച്ചതിങ്ങനെ.

തനിക്ക് ഒരു മൈക്ക് തരൂ എന്ന് അഭ്യര്‍ത്ഥിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയും പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നീറ്റ് വിവാദത്തില്‍ ഒരു സംവാദത്തിന് ആഹ്വാനം ചെയ്യുകയും നീറ്റ് വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒരുമിച്ച് നീങ്ങണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. നീറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ ഓം ബിര്‍ല നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും ചേരും.

More Stories from this section

family-dental
witywide