
തൃശൂർ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർത്ഥികളുടെ ആസ്തിവിവരങ്ങളും പരസ്യമായി. ഇക്കൂട്ടത്തിൽ പലരും അന്വേഷിക്കുന്നത് തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്‌തി വിവരങ്ങളാണ്. കാരണം മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് എന്നത് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ നാമനിർദ്ദേശ പത്രികക്കൊപ്പം സുരേഷ് ഗോപി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ കൈവശം ആകെയുള്ളത് 40,000 രൂപയാണ്. ബാങ്ക് അക്കൗണ്ടുകളിൽ 24 ലക്ഷം രൂപയാണുള്ളത്. ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ടും പോസ്റ്റ് ഓഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. ഇതിന് 53 ലക്ഷം രൂപ മൂല്യം വരും. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും 2 മക്കളുടെ പേരിൽ 36 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. 4.68 കോടി രുപയാണ് സുരേഷ് ഗോപിയുടെ ആകെ വരുമാനം. 2023-2024 വർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരിൽ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരിൽ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഏഴ് കേസുകളും സ്ഥാനാർത്ഥിയുടെ പേരിലുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Suresh Gopi has a total revenue of 4.68 crores income details out












