വാക്ക് പാലിച്ചു, തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി

തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മകള്‍ ഭാഗ്യയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഭാര്യയും രണ്ട് പെണ്‍മക്കളുമായി പള്ളിയിലെത്തി മാതാവിന്റെ രൂപത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്.

നേരത്തെ പള്ളിയിലെ പെരുന്നാളിനെത്തിയപ്പോള്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുമെന്ന് താരം അറിയിച്ചിരുന്നു. ഏകദേശം അഞ്ചു പവനോളം തൂക്കം വരുന്നതാണ് കിരീടം.

ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം പള്ളിയിലെത്തിയിരുന്നു. നാളെ കഴിഞ്ഞാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.