
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ വികസന പദ്ധതികളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ്. സർക്കാർ വികസന കാര്യങ്ങളിൽ തന്നെ പിന്തുണച്ചിരുന്നില്ലെന്നും എന്നാൽ നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിലൂടെ മൂന്ന് വമ്പൻ പദ്ധതികൾക്ക് പുരോഗതിയുണ്ടായെന്നും തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഏത് കാര്യത്തിനും ഇപ്പോൾ മുഖ്യമന്ത്രിയെ സമീപിക്കാമെന്നും കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് വേഗത്തിൽ എത്തിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയെ സുരേഷ് ഗോപി പൂർണ്ണമായി പിന്തുണച്ചു. രാജ്യത്തെ നിയമ വ്യവസ്ഥിതി അനുസരിച്ച് പരിശോധന ഏത് കാലത്തും നടക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും പോലീസ് ഫോൺ വാങ്ങി വെക്കുകയും അടുക്കളയിൽ വരെ കയറി പരിശോധിക്കുകയും ചെയ്യും. അത്തരം പരിശോധനകൾ അമിത് ഷായ്ക്കെതിരെ പോലും നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. മാധ്യമപ്രവർത്തകരും ഇവിടുത്തെ സാധാരണ പൗരന്മാർ മാത്രമാണെന്നും പ്രത്യേക പദവിയൊന്നും ആർക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിലാണ് സർക്കാരുമായി സഹകരണമെന്നും റെഡ് ബുക്കുകാർ പറയുന്നതിലല്ലെന്നും വ്യക്തമാക്കിയ സുരേഷ് ഗോപി, പുതിയ മുഖ്യമന്ത്രി വന്നതോടെ വികസന കാര്യങ്ങളിൽ താൻ രക്ഷപ്പെട്ടുവെന്നും പ്രതികരിച്ചു.
Suresh Gopi Praises Kerala Chief Minister VD Satheesan, Defends Police Raid on Reporter TV













